ഷാർജ: ലോകമെമ്പാടുമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ഷുറൂഖ്) ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും (കെഎസ്‌ക്യുഎഫ്) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ഈ സഹകരണം.
ഷാർജയിലെ ഹൗസ് ഓഫ് വിസ്ഡത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഷുറൂഖ് സിഇഒ അഹമ്മദ് ഒബൈദ് അൽ ഖസീറും, കെഎസ്‌ക്യുഎഫ് ഡയറക്ടർ ലുജൻ മൗറാദുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് കെഎസ്‌ക്യുഎഫ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. ചൂഷണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, ദുരിതമനുഭവിക്കുന്ന സമൂഹങ്ങളെ ശാക്തീകരിക്കുക, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ലോകമെമ്പാടുമുള്ള സംഘടനകളെ പിന്തുണയ്ക്കുക എന്നിവയാണ് ഈ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
കുട്ടികളുടെ സംരക്ഷണ പദ്ധതിയിൽ പൊതുജനങ്ങളെയും പങ്കാളികളാക്കാൻ, ഷുറൂഖിന്റെ കീഴിലുള്ള സാംസ്കാരിക, ടൂറിസം, വിനോദ കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്തും. ഇത് വഴി ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാനാകും. ബാലവേല, മനുഷ്യക്കടത്ത്, ബാലവിവാഹം തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുന്നതിനായി കെഎസ്‌ക്യുഎഫ് അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കും. കുട്ടികളുടെ ക്ഷേമമാണ് സമൂഹത്തിന്റെയും ഭാവിയെയും രൂപപ്പെടുത്തുന്നതെന്ന് അൽ ഖസീർ അഭിപ്രായപ്പെട്ടു.









