കനത്ത ചൂടിനിടെ ആശ്വാസമായി അൽ ഐനിൽ മഴ. അൽ ഐനിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. ഉമ്മു ഗഫ, സാഅ്, ഖാത്തം അൽ ഷിക്ല, നാഹിൽ, അൽ ഫഖാ, സ്വേഹാൻ, മേസ്യാദ്, മലാഖിത് എന്നിവിടങ്ങളിലുൾപ്പെടെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഷാർജയിലെ മദാം, അൽ ഭേസ്, ഖേദേര, റഫദ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ദുബൈ-അൽ ഐൻ റോഡ്, അൽ ഐനിലെ ഉമ് ഗഫ റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചതായി സ്റ്റോം സെൻറർ പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നു. അൽഐൻ, ഫുജൈറ എന്നിവ ഉൾപ്പെടെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.









