കൊതുകുനശീകരണത്തിനായി അബുദാബിയുടെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച സ്മാർട്ട് ട്രാപ്പുകൾ വൻവിജയം. കൊതുകുകൾ പെരുകുന്നത് നിരീക്ഷിക്കാനും അവയെ കൈകാര്യംചെയ്യാനും സ്മാർട്ട് സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. മനുഷ്യശരീരത്തിൽനിന്നുള്ള ഗന്ധത്തിനുസമാനമായ ഗന്ധം പുറപ്പെടുവിച്ചാണ് സ്മാർട്ട് ട്രാപ്പ് കൊതുകുകളെ ആകർഷിക്കുന്നത്. കാർബൺഡൈ ഓക്സൈഡും മനുഷ്യന്റെഗന്ധംപോലെ തോന്നിക്കുന്ന രാസവസ്തുക്കളും പുറത്തുവിട്ട്, രക്തംതേടിയെത്തുന്ന പെൺകൊതുകുകളെ ഇത് ആകർഷിക്കും. കൊതുകുകൾ കെണിയുടെ അടുത്തെത്തുമ്പോൾ ഉള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ചൊറിയൊരു ഫാൻ അവയെ വലിച്ചെടുത്ത് പ്രത്യേകം തയ്യാറാക്കിയ വലയിൽക്കുടുക്കി നശിപ്പിക്കുകയാണ് ചെയ്യുന്നത്. സ്മാർട്ട് ട്രാപ്പുകളിൽ കൃത്യമായ സെൻസറുകളും നൂതന വയർലെസ് ഡേറ്റാ ട്രാൻസ്മിഷൻ സംവിധാനങ്ങളുമുണ്ട്. പിടിക്കപ്പെടുന്ന കൊതുകുകളുടെ എണ്ണം, താപനില, ഈർപ്പം, സമയം തുടങ്ങിയ വിവരങ്ങൾ ഉടൻതന്നെ ഒരു സെൻട്രൽ ക്ലൗഡ് ഡേറ്റാബേസിലേക്ക് അയക്കുന്നു. ഈ വിവരങ്ങൾ നിർമിതബുദ്ധി ടൂളുകളുപയോഗിച്ച് വിശകലനംചെയ്യും. കൊതുകുകളുടെ ജൈവപരമായ സ്വഭാവസവിശേഷതകളും പാരിസ്ഥിതികമാറ്റങ്ങളും അടിസ്ഥാനമാക്കി നിയന്ത്രണ ടീമുകൾക്ക് കൃത്യവും സമയബന്ധിതവുമായ തീരുമാനങ്ങളെടുക്കാൻ ഇത് സഹായിക്കുന്നുവെന്ന് പരിസ്ഥിതി, പൊതുജനാരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. 2020-ലാണ് അബുദാബിയിൽ സ്മാർട്ട് ട്രാപ്പ് സംവിധാനം നടപ്പാക്കുന്നത്. കൊതുകുകളെ പിടികൂടുന്നതിൽ 400 ശതമാനത്തിലേറെ കാര്യക്ഷമത വർധിച്ചു. പരമ്പരാഗത ട്രാപ്പുകളിൽ ഒരു ട്രാപ്പിൽ ശരാശരി 60 കൊതുകുകൾ പിടിക്കപ്പെട്ടിരുന്നുവെങ്കിൽ സ്മാർട്ട് ട്രാപ്പുകളിൽ ഇത് 240-ലേറെയായി വർധിച്ചു.









