റംസാനിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്നതിനാൽ മക്കയ്ക്കും മദീനയ്ക്കുമിടയിൽ സർവീസ് നടത്തുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിലെ സീറ്റുകൾ വർധിപ്പിച്ചതായി സൗദി അറേബ്യൻ റെയിൽവേ അധികൃതർ വ്യക്തമാക്കി. ഏകദേശം 16 ലക്ഷം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 18 ശതമാനമാണ് വർധന. തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുക, കൂടുതൽ സുഖകരവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനംചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണിതെന്ന് സൗദി റെയിൽവേ വ്യക്തമാക്കി. ഹറമൈൻ എക്സ്പ്രസ് ട്രെയിൻ പ്രവർത്തിപ്പിക്കുന്ന സൗദി-സ്പാനിഷ് റെയിൽവേ കമ്പനിയുമായി സഹകരിച്ച് പ്രവർത്തനപദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ റംസാനിലെ ട്രിപ്പുകളുടെ എണ്ണം 3410 ആയി വർധിപ്പിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിലധികം വർധനയാണിത്. റംസാനിലെ ആദ്യ ആഴ്ചയിൽ പ്രതിദിനം നൂറ് ട്രിപ്പുകൾ നടത്തും. പുണ്യനഗരങ്ങളിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ പ്രതിദിനം 130 വരെ ട്രിപ്പുകളായി ഉയരും. തീർഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ കർമങ്ങൾ നിർവഹിക്കുന്നതിന് പ്രാപ്തരാക്കുന്ന തരത്തിൽ നമസ്കാരസമയങ്ങൾക്കനുസൃതമായി സർവീസുകളുടെ സമയക്രമവും ക്രമീകരിച്ചിട്ടുണ്ടെന്ന് സൗദി റെയിൽവേ ചൂണ്ടിക്കാട്ടി.








