റംസാൻ മാസമുടനീളം ദുബായിയിലെ ഷോപ്പിങ് മാളുകൾ രാത്രി വൈകിയും പ്രവർത്തിക്കും. താമസക്കാർക്ക് വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, ഇഫ്താർ, സുഹൂർ ഒത്തുചേരലുകൾ, വെടിക്കെട്ട് പ്രദർശനങ്ങൾ, ആകർഷകമായ ഓഫറുകൾ തുടങ്ങി ഒട്ടേറെ പരിപാടികളാണ് എല്ലാദിവസവും ദുബായ് ഒരുക്കിയിരിക്കുന്നത്. അൽ സീഫ്, ഫെസ്റ്റിവൽ സിറ്റി, ബ്ലൂ വാട്ടേഴ്‌സ് ഐലൻഡ്, ദ ബീച്ച്, ജെ.ബി.ആർ. എന്നിവിടങ്ങളിലെല്ലാം വെടിക്കെട്ടുണ്ടാകും. അൽ സീഫ്, ഔട്ട്‌ലെറ്റ് വില്ലേജ്, മിർദിഫ് സിറ്റി സെന്റർ, ബ്ലൂവാട്ടേഴ്‌സ് ഐലൻഡ്, ഹത്ത ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിൽ എല്ലാ വാരാന്ത്യവും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ ദുബായിലെ വിവിധയിടങ്ങളിലായി റംസാൻ മാർക്കറ്റുകളും സജീവമാണ്. 2025 സാമൂഹിക വർഷമായി ആചരിക്കുന്നതിനോട് അനുബന്ധിച്ച് ഈ മാസം 26 വരെ സബീൽ പാർക്ക് ആംഫി തിയേറ്ററിൽ റംസാൻ അറ്റ് ദ പാർക്ക് എന്ന ആഘോഷപരിപാടിയുടെ ആദ്യപതിപ്പ് അരങ്ങേറും. തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ 12 വരെയും വെള്ളി മുതൽ ഞായർ വരെ അർധരാത്രി ഒരു മണിവരെയുമാണ് പരിപാടി. ഇവിടെ ഇഫ്താറും സുഹൂറും ഒരുക്കും. ദുബായ് പോലീസിന്റെ റംസാൻ പീരങ്കി, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയും കാണാം.









