ദുബായ്എമിറേറ്റിലെ പൊതുപാർക്കിങ് സംവിധാനങ്ങളുടെ നടത്തിപ്പ് കമ്പനിയായ പാർക്കിൻ 2024-ൽ നേടിയത് 42.35 കോടി ദിർഹം ലാഭം. നാലാം പാദത്തിൽ മാത്രമായി 12 കോടി ദിർഹത്തിന്റെ അറ്റാദായം നേടി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്. കഴിഞ്ഞവർഷം പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം അഞ്ചു ശതമാനം വർധിച്ച് 2,06,000 ആയി. അതേസമയം ഈ വർഷം പൊതുപാർക്കിങ് വിഭാഗത്തിൽനിന്നുള്ള ലാഭം 52 കോടി ദിർഹം മുതൽ 55 കോടി ദിർഹം വരെയാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും ഏഴുശതമാനം വീതമാണ് വർധന പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 99 വർഷത്തേക്കാണ് ദുബായിയിലെ പാർക്കിങ് സംവിധാനങ്ങളുടെ നടത്തിപ്പ് ചുമതല പാർക്കിൻ കമ്പനിക്ക് നൽകിയത്. ദുബായ് മാളിൽ അടക്കം പുതിയ പാർക്കിങ് സംവിധാനം കമ്പനി നടപ്പാക്കിയിരുന്നു. കൂടുതൽ കേന്ദ്രങ്ങളിൽ പെയ്ഡ് പാർക്കിങ് സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പും കമ്പനി ആരംഭിച്ചിട്ടുണ്ട്.









