ഷാർജയിൽ ശൈത്യകാല അവധിയും ക്രിസ്മസും മുന്നിൽക്കണ്ട് കേരളത്തിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ കുറച്ചു. തിരക്ക് കുറഞ്ഞ സമയങ്ങളിലെ ടിക്കറ്റ് നിരക്കിനേക്കാൾ മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ച ടിക്കറ്റ് നിരക്കാണ് കുറച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1300 ദിർഹമിന് മുകളിലായിരുന്നു കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇപ്പോൾ തിരുവനന്തപുരത്തേക്ക് 760 ദിർഹം മുതലും കൊച്ചിയിലേക്ക് 830 ദിർഹം മുതലും ടിക്കറ്റ് ലഭിക്കും. കണ്ണൂരിലേക്ക് 850 ദിർഹമിനും കോഴിക്കോട് റൂട്ടിൽ 890 ദിർഹം മുതലും ടിക്കറ്റ് നിരക്ക് ലഭ്യമാകും. കോഴിക്കോട്ടേക്ക് നേരത്തെ തന്നെ ടിക്കറ്റ് നിരക്ക് കുറച്ചിരുന്നു. യു.എ.ഇ-ഇന്ത്യ സെക്ടറിൽ ടിക്കറ്റ് നിരക്ക് ഉയർന്ന സമയങ്ങളിൽ മസ്കത്തിൽനിന്ന് 450 ദിർഹമിന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ലഭ്യമായിരുന്നു. മസ്കത്ത് വഴി കേരളത്തിലേക് വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവരുമുണ്ട്. യു.എ.ഇയിൽ വിദ്യാലയങ്ങൾക്ക് ശൈത്യകല അവധി ഡിസംബർ 14 മുതൽ ആരംഭിക്കും. 2025 ജനുവരി അഞ്ചിനാണ് വിദ്യാലയങ്ങൾ അവധിക്കുശേഷം പ്രവർത്തനം ആരംഭിക്കുക. യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണെങ്കിലും ജനുവരി ആദ്യത്തിൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാനയാത്ര നിരക്ക് താരതമ്യേന കൂടിയ നിലയിലാണ്. തിരുവന്തപുരത്ത് നിന്ന് 1400 മുതൽ 2700 ദിർഹമും കൊച്ചിയിൽനിന്ന് 1450 മുതൽ 3355 ദിർഹമും കോഴിക്കോടുനിന്ന് 860 മുതൽ 2055 ദിർഹമും കണ്ണൂരിൽ നിന്ന് 1100 മുതൽ 1650 ദിർഹം വരെയാണ്. ഇപ്പോൾ വിവിധ വിമാന കമ്പനികൾ യാത്ര നിരക് ഈടാക്കുന്നത്.









