ഖത്തറിലെ അബു സംറ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് നടപടികൾ ഇനി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നു. ഈ വർഷം ഫെബ്രുവരി 1 മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തേക്കുള്ള പ്രവേശന നടപടികൾ ലളിതമാക്കാനും വേഗത്തിലാക്കാനും അതിർത്തിയിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഖത്തർ ഏകീകൃത ഇൻഷുറൻസ് ബ്യൂറോ ‘എംസാർ’ എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. പുതിയ പരിഷ്കാരം അനുസരിച്ച്, അബു സംറ അതിർത്തിയിലെത്തുന്ന വിദേശ വാഹന ഉടമകൾക്ക് ഇനിമുതൽ അതിർത്തിയിലെ കൗണ്ടറുകളിൽ കാത്തുനിൽക്കാതെ, യാത്രയ്ക്ക് മുൻപുതന്നെ ഓൺലൈനായി ഇൻഷുറൻസ് എടുക്കാൻ സാധിക്കും. ഒരാഴ്ച മുതൽ ഒരു മാസത്തിൽ താഴെ വരെയുള്ള ഹ്രസ്വകാല സന്ദർശകർക്കായി ഉള്ള ഇൻഷുറൻസ് പോളിസികൾ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും വിതരണം ചെയ്യുക. ഹ്രസ്വകാല സന്ദർശകർക്ക് മാനുവൽ ഇൻഷുറൻസ് സേവനങ്ങൾ അതിർത്തിയിലെ കൗണ്ടറുകളിൽ നിന്ന് ഇനി ലഭ്യമാകില്ല. ഇത് ഓൺലൈനായി തന്നെ എടുക്കണം. എന്നാൽ, ദീർഘകാല ഇൻഷുറൻസ് ആവശ്യമുള്ളവർക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കാമെങ്കിലും, ആവശ്യമെങ്കിൽ അതിർത്തിയിലെ നിശ്ചിത കൗണ്ടറുകളിൽ നിന്ന് നേരിട്ട് പോളിസി എടുക്കാനുള്ള സൗകര്യം തുടർന്നും ലഭ്യമാകും.









