രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയിൽ കൂടുതൽ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക തീരുമാനം നടപ്പിലാക്കിയിരിക്കുകയാണ് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ലൈസൻസുള്ള സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് ഇനിമുതൽ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി ആദ്യ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് മന്ത്രാലയം പുറത്തിറക്കി. അധ്യാപകർക്ക് ഔദ്യോഗിക ലൈസൻസുണ്ട് എന്നതിന്റെ തെളിവാണ് ഈ തിരിച്ചറിയൽ കാർഡ്. അധ്യാപകരുടെ യോഗ്യതയും നിയമപരമായ അനുമതിയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.









