ക്രിസ്മസ് എത്തിയതോടെ യുഎഇയിലെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഡിസംബർ 25-നും ചിലയിടങ്ങളിൽ 26-നും പ്രത്യേക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇയിലെ ഔദ്യോഗിക പൊതു അവധി പട്ടികയിൽ ക്രിസ്മസ് ഉൾപ്പെട്ടിട്ടില്ലെങ്കിലും, കമ്പനികൾ ആഭ്യന്തര നയം അനുസരിച്ചാണ് ഈ അവധി അനുവദിക്കുന്നത്. ആഗോള കലണ്ടറുകളുമായി പൊരുത്തപ്പെട്ടു പോകുന്നതിനും തിരക്കേറിയ യാത്രാ സീസണിൽ ജീവനക്കാർക്ക് കൂടുതൽ വിശ്രമം നൽകുന്നതിനും ആണ് കമ്പനികൾ മുൻഗണന നൽകുന്നത്. ഈ വർഷം ഡിസംബർ 25 വ്യാഴാഴ്ചയും 26 വെള്ളിയാഴ്ചയും ആയതിനാൽ, ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ ജീവനക്കാർക്ക് തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. ഇത് വിദേശങ്ങളിൽ നിന്നുള്ള ജീവനക്കാർക്കും നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. ക്രിസ്മസിന് നാട്ടിൽ പോകാൻ ഒരാഴ്ചത്തെ വാർഷിക അവധി എടുക്കാൻ പ്ലാൻ ചെയ്തിരുന്നവർക്ക് കമ്പനി വക രണ്ട് ദിവസം അവധി ലഭിക്കുന്നത് വലിയ ഗുണകരമാകും. ഫ്ലെക്സിബിൾ അവധി രീതികൾ ചില കമ്പനികൾ ക്രിസ്മസ് ദിനത്തിൽ ഔദ്യോഗിക അവധി നൽകുന്നതിനൊപ്പം തന്നെ ഈ മാസം 15-നും ജനുവരി 7നും ഇടയിൽ മറ്റൊരു ദിവസം കൂടി ജീവനക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നുണ്ട്.









