ദുബായ്: നാളെ ദുബായിയുടെ നഗര പാതകള്‍ സൈക്കിള്‍ സാവാരിക്കാരാല്‍ നിറയും. ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിനു തുടക്കമിട്ട് ദുബായ് റൈഡ് നാളെ രാവിലെ 6.15ന് ആരംഭിക്കും. നഗര സിഎരാ കേന്ദ്രത്തില്‍ നാളെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നു അധികൃതര്‍ വ്യക്തമാക്കി. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ ഉള്‍പ്പടെയുള്ള സൈക്കിള്‍ സവാരിക്കാരെ ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ റൂട്ടുകളാണ് ദുബായ് റൈഡിന് ഒരുക്കിയിരിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിലൂടെ 12 കിലോമീറ്റര്‍ റൂട്ട്, ഡൗണ്‍ ടൗണിലൂടെ 4 കിലോമീറ്റര്‍ റൂട്ട് എന്നിങ്ങനെ പ്രത്യേകം റൂട്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഡൗണ്‍ടൗണ്‍ റൂട്ടില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരെയാണ് പ്രത്യേകമായി പരിഗണിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിലെ 12 കിലോമീറ്റര്‍ റൂട്ട് വിദഗ്ധരായ സൈക്കിള്‍ സവാരിക്കാര്‍ക്കുള്ളതാണ്. ദുബായ് റൈഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ടീ ഷര്‍ട്ടും ചെസ്‌ററ് നമ്പരും സബീല്‍ പാര്‍ക്കില്‍ ഇന്നു കൂടി ലഭിക്കും. നാളെ അതിരാവിലെ 3.30 മുതല്‍ രാവിലെ 10.30 വരെ ഗതാഗതം നിയന്ത്രണം ഉണ്ട്. ഷെയ്ഖ് സായിദ് റോഡില്‍ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് മുതല്‍ അല്‍ ഹാദിഖ റോഡ് ബ്രിജ് വരെയും ഷെയ്ഖ് സായിദ് റോഡിനും അല്‍ഖെയില്‍ റോഡിനും ഇടയില്‍ ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ് എന്നിവ പൂര്‍ണമായും അടയ്ക്കും. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൗളെവാര്‍ഡില്‍ വണ്‍വേ ഏര്‍പ്പെടുത്തി. നാളെ രാവിലെ 10.30വരെ ഷെയ്ഖ് സായിദ് റോഡ് വഴി പോകുന്നവര്‍ അപ്പര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, സബീല്‍ പാലസ് റോഡ്, അല്‍ വാസല്‍ റോഡ്, അല്‍ ഖെയില്‍ റോഡ്, അല്‍ അസായല്‍ സ്ട്രീറ്റ് എന്നീ റോഡുകള്‍ പകരം ഉപയോഗിക്കാം. സാലിക് സമയത്തിലും നാളെ മാറ്റമുണ്ടാകും. രാവിലെ 6 മുതല്‍ 10 വരെ കൂടിയ നിരക്കായി 6 ദിര്‍ഹം ഈടാക്കും. വൈകുന്നേരം 4 മുതല്‍ 8 വരെയും ഇതേ നിരക്കായിരിക്കും. രാവിലെ 10 മുതല്‍ 4 വരെയും രാത്രി 8 മുതല്‍ രാത്രി 1 വരെയും മണിക്കൂറിന് 4 ദിര്‍ഹമായിരിക്കും.









