ജിദ്ദ: ജീവിത നിലവാരത്തിന്റെ കാര്യത്തിൽ സൗദി അറേബ്യയിലെ ഏറ്റവും മികച്ച നഗരമായി ജിദ്ദ തിരഞ്ഞെടുക്കപ്പെട്ടു. നംബിയോ (Numbeo) വെബ്‌സൈറ്റിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരമാണ് ജീവിത നിലവാര സൂചികയിൽ ജിദ്ദ ഈ നേട്ടം കരസ്ഥമാക്കിയത്.
അതേസമയം, അറബ് ലോകത്ത് ജീവിക്കാൻ പറ്റിയ മികച്ച നഗരങ്ങളുടെ പട്ടികയിൽ ജിദ്ദ രണ്ടാം സ്ഥാനത്തും എത്തി. 2025-ലെ ജീവിത നിലവാര സൂചികയില്‍, ആഗോളതലത്തിൽ നഗരം 74-ാം സ്ഥാനത്താണ്.
റാങ്കിങ്ങിന്റെ മാനദണ്ഡങ്ങൾ
ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവിധ സൂചകങ്ങളെ അടിസ്ഥാനമാക്കി നഗരങ്ങളെയും രാജ്യങ്ങളെയും റാങ്ക് ചെയ്യുന്ന ക്രൗഡ് സോഴ്‌സ്ഡ് ഓൺലൈൻ ഡാറ്റാബേസായ നംബിയോയാണ് സർവേ നടത്തി റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത്.
ജിദ്ദയുടെ പ്രത്യേകതകൾ
സമുദ്രത്തിന്റെയും പാർക്കുകളുടെയും നഗരമെന്നറിയപ്പെടുന്ന ജിദ്ദയ്ക്ക് ‘മുത്തശ്ശി നഗരം’ എന്നൊരു വിളിപ്പേരുമുണ്ട്. ‘ആദിമ മാതാവ് ഹവ്വ’ അന്തിയുറങ്ങുന്ന നഗരമെന്ന് ചിലർ വിശ്വസിക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്.
സുരക്ഷ, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ആധുനിക പൊതു സൗകര്യങ്ങൾ എന്നിവയിൽ ജിദ്ദ മികച്ച നിലവാരം പുലർത്തുന്നുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായി ജിദ്ദയുടെ നഗര ഭൂപ്രകൃതി നഗരസഭ പുനർനിർമിക്കാൻ നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
പ്രധാന ആകർഷണങ്ങൾ
- ജിദ്ദ വാട്ടർ ഫ്രന്റ് പദ്ധതി.
- പ്രത്യേക നടപ്പാതകളും സൈക്ലിംഗ് പാതകളും.
- പൊതു ചത്വരങ്ങൾ (Public Squares).
- കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ.
- സൗന്ദര്യാത്മക ശിൽപങ്ങൾ.
ഈ ആധുനിക സൗകര്യങ്ങൾ നഗരത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.









