റാസൽഖൈമ : വൈദ്യുത പറക്കുംവാഹനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കലിന് റാസൽഖൈമ സാക്ഷ്യംവഹിച്ചു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ അൽ ജസീറ ഏവിയേഷൻ ക്ലബിലാണ് ചൈനീസ് കമ്പനിയായ എക്സ്‌പെങ് എയ്‌റോ എച്ച്ടി വികസിപ്പിച്ചെടുത്ത വൈദ്യുത പറക്കുംവാഹനത്തിന്റെ പരീക്ഷണം നടന്നത്. യുഎഇയിലെ ചൈനീസ് സ്ഥാനപതി ഷാങ് യിമിങ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിനെത്തി. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭാവി രൂപപ്പെടുത്താനുള്ള യുഎഇയുടെ കാഴ്ചപ്പാടാണ് പരീക്ഷണപ്പറക്കലിലൂടെ വ്യക്തമാകുന്നതെന്ന് ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു. റാസൽഖൈമയെ താമസത്തിനും ജോലിക്കും നിക്ഷേപത്തിനും ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാക്കിമാറ്റാൻ ഈ പരീക്ഷണം സഹായകമാകും. ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി കൂടുതൽ സുസ്ഥിരമായ നഗരങ്ങളും മലിനീകരണം കുറഞ്ഞ ഗതാഗതസംവിധാനങ്ങളും കെട്ടിപ്പടുക്കുക എന്നതാണെന്നും ശൈഖ് സൗദ് പറഞ്ഞു. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയും എക്‌സ്‌പെങ് എയ്‌റോഎച്ച്ടിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഇത് പറക്കും വാഹനങ്ങൾ ടൂറിസം, വിനോദം, രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യതകൾ മുന്നോട്ടുവെക്കുന്നു.









