റോബ്ലോക്‌സ് ഗെയിമിന് സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഗെയിമിലെ വോയ്‌സ്, ടെക്സ്റ്റ് ചാറ്റുകൾ ഇനി ലഭിക്കില്ല. ഓഡിയോ വിഷ്വൽ മീഡിയ അതോറിറ്റിയുടേതാണ് നടപടി. കുട്ടികളുടെ അക്കാദമിക മികവിനെ വരെ ഗെയിം ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പല രാജ്യങ്ങളും ഗെയിം നിരോധിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്ന ഓൺലൈൻ ഗെയിമാണ് റോബ്ലോക്‌സ്. 2004ൽ തുടങ്ങിയ റോബ്ലോക്‌സിൽ ആർക്കും സ്വന്തമായി ഗെയിം സൃഷ്ടിക്കാം. സൃഷ്ടിച്ച ഗെയിം മറ്റുള്ളവർക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇതിലെ സോഷ്യൽ പ്ലാറ്റ്‌ഫോം വഴി കുട്ടികൾക്ക് ഏതൊരാളുമായി ചാറ്റ് ചെയ്യാനാകും. രക്ഷിതാക്കളുടെ മേൽനോട്ടമില്ലെങ്കിൽ വൻ അപകട സാധ്യത ഇതിലുണ്ട്. സാധാരണ ഗെയിമുകളുടെ ലോഗോയല്ലാത്തതിനാൽ രക്ഷിതാക്കൾക്ക് റോബ്ലോക്‌സ് ഗെയിം തിരിച്ചറിയാനും പ്രയാസമാണ്. ഇത് തിരിച്ചറിഞ്ഞാണ് റോബ്ലോക്‌സ് ഗെയിമിലെ ടെക്സ്റ്റ്, വോയ്‌സ് ചാറ്റിങ് സൗദി ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷ്വൽ മീഡിയ ഇതിന് വിലക്കേർപ്പെടുത്തിയത്. ഗെയിം ദുരന്തത്തിലേക്ക് നയിക്കുന്നുണ്ടെങ്കിൽ ഇടപെടാൻ അറബി സംസാരിക്കുന്ന മോഡറേറ്റർമാരെ നിയമിക്കാനും പ്ലാറ്റ്‌ഫോമിനോട് മന്ത്രാലയം വ്യക്തമാക്കി.









