കൊച്ചി: 87 വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസി മലയാളികള്‍ ദുരിതത്തില്‍. ഈ മാസം 30 വരെ കേരളത്തിലേയ്ക്കുള്ള 40 വിമാനങ്ങളാണ് റദ്ദാക്കിയത്. മലബാറില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന ദുബായ്-മംഗളൂരു പ്രതിദിന സര്‍വീസ് 27വരെ പൂര്‍ണമായും നിര്‍ത്തിവച്ചു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ വിമാനങ്ങള്‍ കര്‍ശന അറ്റകുറ്റപ്പണിക്ക് വിധേയമാക്കുന്നതിനാലാണ് സേവനം തടസ്സപ്പെട്ടിരിക്കുന്നത്. റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ മറ്റ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.