എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ അഞ്ച് മണിക്കൂറോളം യാത്രക്കാരെ എ.സി ഇല്ലാതെ ഇരുത്തിയെന്ന് പരാതി. ദുബായിൽ നിന്ന് രാജസ്ഥാനിലെ ജയ്പുരിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 196-ൽ വെള്ളിയാഴ്ച ആണ് സംഭവം. സാങ്കേതിക തകരാർ മൂലം അഞ്ച് മണിക്കൂർ വൈകിയായിരുന്നു വിമാനം പുറപ്പെട്ടത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ വിയർത്തൊലിച്ച് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എ.സി ഇല്ലാത്തതിനാൽ ഇവർ അസ്വസ്ഥരാകുന്നുണ്ട്. ക്രൂ അംഗങ്ങൾ ആരും ഇവരെ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്. പുറത്തെ താപനില ഏകദേശം 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. വൈകീട്ട് 7.25-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒടുവിൽ പുലർച്ചെ 12.45-നാണ് പറന്നത്. വിമാനത്തിനുള്ളിലെ ചൂട് കാരണം പ്രായമായ ചിലരുടെ ആരോഗ്യനില വഷളായതായി യാത്രക്കാർ ആരോപിച്ചു. യാത്രക്കാർക്ക് വേണ്ടത്ര വെള്ളം നൽകിയില്ലെന്നും പരാതി ഉയർന്നിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.









