എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍. ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അനുശോചനം അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ആശയക്കുഴപ്പം തുടരുന്നു. അപകട സമയത്ത് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മെസ്സില്‍ ഭക്ഷണം കഴിക്കുന്ന സമയമായിരുന്നു. 20 മുതല്‍ 30 വരെ വിദ്യാര്‍ത്ഥികള്‍ മെസ്സില്‍ ഈ സമയം ഉണ്ടായിരുന്നതായാണ് വിലയിരുത്തല്‍. അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ പലരെയും കാണാനില്ലെന്ന പരാതികളും ഉയരുന്നുണ്ട്. ഹോസ്റ്റല്‍ മെസ്സ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 50 വിദ്യാര്‍ത്ഥികള്‍ക്ക് എങ്കിലും ജീവന്‍ നഷ്ടമായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മരണസംഖ്യ 294 ആയതായും റിപ്പോര്‍ട്ടുകളുണ്ട്. ഡി.എന്‍.എ പരിശോധനയ്ക്കായി അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ അഹമ്മദാബാദിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു.









