ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതർ അടപ്പിച്ചതായി റിപ്പോർട്ട്. ഹംദാൻ സ്ട്രീറ്റിലെ ഒരു കഫ്തീരിയയും റസ്റ്ററന്റും അൽ ഖാലിദിയയിലെ സൂപ്പർമാർക്കറ്റ്, അൽ അജ്ബാനിലെ കോഴി ഫാം, മുസഫ വ്യവസായ മേഖലയിലെ സൂപ്പർമാർക്കറ്റ്, സൽ ഷഹ്‌മയിലെ ഒരു വാണിജ്യ സ്ഥാപനം, മുസഫ ഒൻപതിലെ ഗ്രോസറി എന്നിവയാണ് അടപ്പിച്ചത്. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനീകരമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എമിറേറ്റിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് അഡാഫ്സ കർശന നിലപാട് സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ ഇൻസ്പെക്ടർമാർ വ്യാപക പരിശോധനകളാണ് നടത്തിവരുന്നത്. നിയമലംഘനംനടത്തിയ 23 റസ്റ്ററന്റുകൾ കഴിഞ്ഞവർഷം അടപ്പിപ്പിച്ചിരുന്നു. അനുചിതമായ ഭക്ഷ്യ സംഭരണരീതികൾ, കാലാവധികഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ, വൃത്തിഹീനമായ അടുക്കള, ഭക്ഷ്യപായ്ക്കറ്റുകളിൽ ലേബലുകളുടെ അഭാവം തുടങ്ങിയവ കണക്കിലെടുത്താണ് നിയമനടപടികൾ സ്വീകരിച്ചത്. ചില സ്ഥാപനങ്ങളിൽ ഭക്ഷ്യവിഷബാധയും റിപ്പോർട്ട് ചെയ്തിരുന്നു.








