ദുബായ്: യുഎഇയില്‍ ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരുമെന്ന് എന്‍സിഎം അറിയിച്ചു. രാജ്യത്ത് ഈ മാസത്തെ ശരാശരി കൂടിയ താപനില 23°C മുതല്‍ 28°C വരെയും കുറഞ്ഞ താപനില 12°C നും 16°C നും ഇടയിലായിരിക്കുമെന്ന് എന്‍സിഎം കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മെഡിറ്ററേനിയന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കടന്നുപോകുന്നത് രാജ്യത്തെ ബാധിക്കും. ഇത് അസ്ഥിരമായ കാലാവസ്ഥയിലേക്ക് അന്തരീക്ഷത്തെ നയിക്കുമെന്നതിനാല്‍ കനത്ത പൊടി കാറ്റ് വീശും. ചില സമയത്ത് നേരിയ മഴയും മൂടിയ കാലാവസ്ഥയും ഉണ്ടാകുമെന്നും NCM റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ ഉണ്ടാകുന്ന തെക്കുകിഴക്കന്‍ കാറ്റ് ഉച്ചതിരിഞ്ഞ് വടക്കുപടിഞ്ഞാറന്‍ കാറ്റായി മാറും. ഷമാല്‍ എന്ന് അറിയപ്പെടുന്ന ഈ കാറ്റ് രാജ്യത്തെ ബാധിക്കും. കൂടാതെ, ഈ മാസം ആപേക്ഷിക ആര്‍ദ്രത വര്‍ദ്ധിക്കുമെന്നും, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു.









