ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ കുവൈത്തിലെ നിയമങ്ങൾ കർശനമാക്കുന്നു. വാഹനങ്ങൾ 2 മാസം വരെ പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ട്രാഫിക് വകുപ്പ്. അശ്രദ്ധമായ ഡ്രൈവിംഗും മനഃപൂർവമുള്ള ഗതാഗത തടസ്സപ്പെടുത്തലും രാജ്യത്തുടനീളം രൂക്ഷമായ ഗതാഗതക്കുരുക്കിനും കാലതാമസത്തിനും കാരണമാകുന്നുവെന്ന് റോഡ് നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെയാണ് നടപടി. ഈ സാഹചര്യത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ട്രാഫിക് നിയമങ്ങളുടെ നടപ്പാക്കൽ ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി. ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്ന നിയമലംഘനങ്ങൾ വർധിച്ചതായി ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഓപ്പറേഷൻസ് റൂം നേരത്തെ കണ്ടെത്തിയിരുന്നു. അഡ്വാൻസ്ഡ് ക്യാമറകൾ, പട്രോൾ യൂണിറ്റുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ഇത് വ്യക്തമായത്.