ശൈത്യകാല സ്കൂൾ അവധിക്ക് മുന്നോടിയായി യുഎഇ-ഇന്ത്യ റൂട്ടിൽ വിമാന നിരക്കുകൾ കുത്തനെ ഉയരുന്നു. ഡിസംബർ ആദ്യവാരം ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന അവധിക്കാലത്തിന് മുന്നോടിയായി ടിക്കറ്റ് ബുക്കിങ്ങുകളും വലിയ തോതില്‍ വര്‍ധിക്കുകയാണ്. സെപ്റ്റംബർ അക്കാദമിക് കലണ്ടർ പിന്തുടരുന്ന യുഎഇയിലെ സ്കൂളുകൾക്ക് ഡിസംബർ 8-നാണ് അവധി തുടങ്ങുന്നത്. ഇത് 2026 ജനുവരി 4 വരെ നീളും. മുൻ വർഷങ്ങളിൽ മൂന്നാഴ്ചയായിരുന്നത് ഇത്തവണ നാലാഴ്ചത്തെ അവധിയാണ്. ദേശീയ ദിന അവധികൾ കൂടി കൂട്ടിച്ചേർത്താൽ ചില കുടുംബങ്ങൾ അഞ്ച് ആഴ്ചത്തെ അവധിക്ക് പോലും തയ്യാറെടുക്കുന്നുണ്ടെന്ന് ട്രാവൽ ഏജന്‍റുമാരെ ഉദ്ധരിച്ചുള്ള ഗൾഫ് ന്യൂസ് റിപ്പോര്‍ട്ടിൽ പറയുന്നു. ശൈത്യകാല അവധിക്കാലത്ത് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ഏറെയാണെങ്കിലും ഇന്ത്യയിലേക്കുള്ള വിമാന നിരക്കാണ് ഏറ്റവും വേഗത്തിൽ വർധിക്കുന്നത്. സാധാരണ തിരക്കേറിയ സമയങ്ങളിൽ ഉണ്ടാകാറുള്ള ഈ വർധനവ് ഇത്തവണ യുഎഇ-ഇന്ത്യൻ റൂട്ടിൽ കൂടുതലാണെന്നും, ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലതെന്നും ട്രാവൽ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർ വ്യക്തമാക്കി.