ഗൾഫ് നാടുകളിൽ ചൂടിന് തുടക്കം. യുഎഇയിൽ 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു വ്യാഴാഴ്ച അനുഭവപ്പെട്ട കൂടിയ താപനില. രാവിലെയും വൈകീട്ടും മാത്രമാണ് ഇപ്പോൾ നേരിയ തണുപ്പ് അനുഭവപ്പെടുന്നത്. സൗദിയിലും ഖത്തറിലും കുവൈത്തിലുമെല്ലാം താപനില ഉയർന്നുതുടങ്ങി. ഖത്തറിൽ അടുത്ത 13 ദിവസങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. താപനില ഉയരുന്നതോടൊപ്പം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാവുകയും ചെയ്യും.
ചൂട് കനക്കുന്നതിന് മുന്നോടിയായി കുവൈത്ത് ഒരുക്കങ്ങൾ തുടങ്ങി. ചൂട് കാലത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റാൻ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ട്. അറ്റകുറ്റപ്പണികളുടെ ഭാഗമായി രാജ്യത്തെ അബ്ദുല്ല തുറമുഖം, ഷുവൈഖ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതിവിതരണം വെട്ടിക്കുറച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി.









