കുവൈത്തിൽ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ 50 കിലോഗ്രാം കേടായ കോഴിയിറച്ചിയും 40 കിലോഗ്രാം മറ്റ് ഇറച്ചിയും പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഹവല്ലി ഗവർണറേറ്റ് ആണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാല് ഭക്ഷണശാലകൾ അടച്ചുപൂട്ടി. 21 നിയമലംഘന നോട്ടീസുകൾ പുറപ്പെടുവിക്കുകയും ചെയ്തു. കൂടാതെ ഇതിൽ ഒരു സ്ഥാപനം ചട്ടങ്ങൾ ലംഘിച്ച് അനധികൃത സ്ഥലം ഉപയോഗിച്ചതായും സ്രോതസ്സ് വെളിപ്പെടുത്താത്ത, മായം കലർന്ന ഭക്ഷണം വിൽക്കുന്നതായും കണ്ടെത്തി. പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ എലികൾ, പ്രാണികൾ, പൊതു മാലിന്യങ്ങൾ എന്നിവ നിറഞ്ഞ വൃത്തിഹീനമായ അവസ്ഥയിലായിരുന്നു ഈ റെസ്റ്റോറൻറെന്ന് ഹവല്ലിയിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എമർജൻസി സെൻററിലെ ഷിഫ്റ്റ് ഓഫീസർ അദേൽ അവദ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ പരിശോധിക്കുന്നതിനും നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ അതോറിറ്റി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









