എമിറേറ്റിൽ നാലുപ്രദേശങ്ങളിലെ സാധാരണ ബസുകൾ നിർത്തലാക്കി പകരം വൈദ്യുത ബസുകളിറക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബിസിനസ് ബേ, അൽ ഗുബൈബ, അൽ സത്വ, അൽ ജാഫിലിയ എന്നീറൂട്ടുകളിലായിരിക്കും വൈദ്യുത ബസുകളിറക്കുക. ഇതിനായി 40 വൈദ്യുത ബസുകൾകൂടി ആർ.ടി.എ. പുതുതായി വാങ്ങും. വൈദ്യുത ബസ് സർവീസിന് അനുയോജ്യമായ സ്റ്റേഷനുകളും ആവശ്യമായ ചാർജിങ് സംവിധാനവും സാങ്കേതികതയുമെല്ലാം പരിഗണിച്ചാണ് ഈ റൂട്ടുകൾ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണ ബസുകളേക്കാൾ വൈദ്യുത ബസുകൾക്ക് വില കൂടുതലാണെങ്കിലും യാത്രാനിരക്കിൽ മാറ്റമുണ്ടാകില്ല. സിംഗിൾ ഡെക്ക് വൈദ്യുത ബസുകളിൽ 35 പേർക്കിരിക്കാം. 70 പേർക്ക് നിന്നും യാത്രചെയ്യാം. കടുത്ത വേനലിലും സുഗമമായി ഈ ബസുകളിൽ യാത്ര ചെയ്യാമെന്നും അതോരിതി വ്യക്തമാക്കി.









