കുവൈത്തില്‍ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് മാത്രമാണ് നല്‍കുകയെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 10 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. പുതിയ തീരുമാനം പുറത്തുവന്നതോടെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ പ്രിന്റ് ചെയ്ത കോപ്പി കൈവശം വയ്ക്കേണ്ടതില്ല. പുതിയതായി അനുവദിക്കുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഒരു വര്‍ഷത്തെ കാലാവധി മാത്രമാണ് ഉണ്ടായിരിക്കുക. ഓരോ വര്‍ഷം കൂടുംതോറും പുതുക്കേണ്ടി വരും. സഹേല്‍ ആപ്പ് അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖാന്തരമോ ലൈസന്‍സ് പുതുക്കാവുന്നതാണ്. ആര്‍ട്ടിക്കിള്‍ 20 വിസ പ്രകാരമുള്ള ഫാമിലി ഡ്രൈവര്‍മാര്‍ക്കും അന്താരാഷ്ട്ര കാര്‍ഗോ ഡ്രൈവര്‍മാര്‍ക്കും ഡിജിറ്റല്‍ ലൈസന്‍സ് ബാധകമല്ല. അതേസമയം, കാലാവധി കഴിഞ്ഞ ലൈസന്‍സുമായി റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.









