റോഡുകൾ, പാലങ്ങൾ, സ്വീവേജ് ശൃംഖലകൾ എന്നിവയുടെ ഭൂമിക്കു താഴെയുള്ള ഭാഗങ്ങൾ പരിശോധിച്ച് തകരാറുകൾ കണ്ടെത്താൻ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ത്രീ ഡൈമൻഷനൽ റഡാറുകൾ (ത്രിഡി-ജിപിആർ) ഉപയോഗിച്ചു തുടങ്ങിയതായി അഷ്ഗാൽ പൊതുമരാമത്ത് അതോറിറ്റി വ്യക്തമാക്കി. മിഡ്മാക് പാലത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ഉപരിതലത്തിന് നാലു മീറ്റർ താഴെ വരെ ആഴത്തിൽ സ്‌കാൻ ചെയ്ത് റോഡുകളുടെ താഴെയുള്ള പാളികളിലെ വിള്ളലുകളും തകരാറുകളും കണ്ടെത്തി പരിഹരിക്കാൻ കഴിയും.
വാഹനത്തിൽ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന ജിപിആർ റഡാറുകൾക്ക് മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ ഡേറ്റ ശേഖരിക്കാൻ സാധിക്കും. ലേസർ ക്രാക്ക് മെഷർമെന്റ് സിസ്റ്റത്തിലൂടെ കണ്ടെത്തുന്ന മറ്റ് ഉപരിതല തകരാറുകൾ സംബന്ധിച്ച ഡേറ്റകളും ത്രീഡി-ജിപിആർ ഡേറ്റകളുമായി സംയോജിപ്പിച്ചാണ് എക്‌സാമിനർ വിലയിരുത്തുന്നത്. വൈകാതെതന്നെ റോഡുകളിലുടനീളം -റഡാറുകൾ ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ ശക്തിപ്പെടുത്തുമെന്ന് അതോറിറ്റി അതികൃതർ അറിയിച്ചു.
റോഡിന്റെ ഉപരിതലത്തിലേക്ക് കേടുപാടുകൾ വ്യാപിക്കാതെ നിയന്ത്രിക്കുക,
റോഡ്, ഗതാഗത സുരക്ഷ ഉറപ്പാക്കുക, റോഡ് അറ്റകുറ്റപ്പണികളുടെ പ്രവർത്തനച്ചലവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളിൽ സാധാരണയിലും വേഗത്തിൽ പരിഹാരം കാണാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.









