കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിന്റെ അംഗീകൃത കീടനിയന്ത്രണ കമ്പനികളുടെ സേവനം നിർബന്ധമാക്കുന്ന പുതിയ ചട്ടങ്ങൾ ഏർപ്പെടുത്താനൊരുങ്ങുന്നു. വാണിജ്യ- വ്യവസായ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് പുതുക്കുന്നതിനോ പുതിയതായി ഏറ്റെടുക്കുന്നതിനോ ഉള്ള മാനദണ്ഡങ്ങളിൽ ഒന്നായി ഇത് ഉൾപ്പെടുത്തും. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിയമം. ഭക്ഷ്യവസ്തുക്കളിൽ കീടങ്ങളുടെയും എലികളുടെയും ശല്യം ഉണ്ടാകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള കീടനാശിനികളും മറ്റ് ഉപകരണങ്ങളും മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണു പുതിയ നിയമം. റെസ്റ്റോറന്റുകൾ, കോഴി കടകൾ, ഗ്രോസറി സ്റ്റോറുകൾ എന്നിങ്ങനെ ഭക്ഷ്യവ്യവസായവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും പുതിയ ചട്ടങ്ങൾ ബാധകമായിരിക്കും. സഹകരണ സംഘങ്ങൾ ഗോഡൗണുകൾ, വാടകയ്ക്ക് എടുത്ത കടകൾ എന്നിവയടക്കം എല്ലാ സൗകര്യങ്ങളിലും കീടനിയന്ത്രണ നടപടികൾ നടപ്പിലാക്കണം. കീടനിയന്ത്രണ സേവനങ്ങൾക്കുള്ള കരാറുകൾ സഹകരണ സംഘങ്ങൾ വഴിയാണ് നടത്തേണ്ടത്. ചട്ടങ്ങൾ പാലിക്കാത്തവർക്ക് പിഴ ഈടാക്കും.