സൗദി അറേബ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ ഡിസംബർ നാലിനുള്ളിൽ പഴയ കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി ഉപഭോക്താവിന് ഇലക്ട്രോണിക് ബില്ല് നൽകണമെന്ന മുന്നറിയിപ്പുമായി സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി. കടകളിൽ ഇലക്ട്രോണിക് ബില്ലിങ് സംവിധാനം ഏർപ്പെടുത്താനും ബില്ലിൽ ക്യുആർ കോഡ് നിര്ബന്ധമാക്കാനും ഓൺലൈൻ സംവിധാനത്തിൽ ബില്ലിങ് നടത്താനുമാണ് നിർദേശം.
രാജ്യത്തെ വലിയ കച്ചവട കേന്ദ്രങ്ങളിലും ഹൈപ്പർമാർക്കറ്റുകളിലും നിലവിൽ ഇലക്ട്രോണിക് ബില്ലുകളും ഇൻവോയ്സുകളും പ്രാബല്യത്തിലുണ്ട്. എന്നാൽ ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ കൂടി ഇലക്ട്രോണിക് ബില്ലിങ് രീതി കൊണ്ടുവരുകയാണ് ലക്ഷ്യം. നികുതി വെട്ടിപ്പ്, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ ഇലക്ട്രോണിക്ക് ബില്ലിങ് വഴി കണ്ടെത്താനും തടയാനും സാധിക്കും.
ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി ഇൻറര്‍നെറ്റുമായി ബന്ധിപ്പിക്കുക വഴി മന്ത്രാലയത്തിന്റെ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനും ഇതോടെ നികുതി വെട്ടിപ്പ് തടയാനും സാധിക്കും.









