രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും നിലവിലുള്ള നമ്പർ പ്ലേറ്റുകളുടെ രൂപകൽപ്പന പുതുക്കാൻ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ആധുനിക സ്മാർട്ട് ട്രാഫിക് സംവിധാനത്തിന് അനുസൃതമായ അന്താരാഷ്ട്ര നിലവാരമുള്ള നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വാഹന നമ്പർ പ്ലേറ്റുകളുടെ ദൃശ്യത മെച്ചപ്പെടുത്തുക, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക, കൂടുതൽ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങളിൽ ഏകീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. ഭാവിയിൽ രാജ്യത്ത് വാഹനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം പരിഗണിച്ച് വ്യത്യസ്ത ഓപ്ഷനുകൾ ഉൾക്കൊണ്ടുള്ള ഒരു സമഗ്ര വികസന പദ്ധതിയുടെ ഭാഗമാണിത്. നിരവധി ഘട്ടങ്ങളിലായാണ് പുതിയ നമ്പർ പ്ലേറ്റുകളുടെ പദ്ധതി നടപ്പാക്കുക. സ്വകാര്യ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലായിരിക്കും ആദ്യഘട്ടത്തിൽ മാറ്റം വരുത്തുക. ഇവയ്ക്ക് നിലവിലുള്ള നമ്പറിന് മുമ്പിൽ ‘ക്യു’ എന്ന അക്ഷരം ചേർക്കും. പിന്നീട് ‘ടി’, ‘ആർ’ എന്നീ അക്ഷരങ്ങൾ ഘട്ടം ഘട്ടമായി ഉപയോഗിക്കുമെന്ന് അതികൃതർ അറിയിച്ചു.









