അബുദാബി: വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) സ്കൂളുകളിലും നഴ്സറികളിലും കർശനമായ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ടിഫിൻ ബോക്സുകളിൽ വറുത്തതും, പൊരിച്ചതും, പഞ്ചസാര ചേർത്തതുമായ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. സ്കൂൾ കന്റീനുകളിലും ഈ നിയമങ്ങൾ കർശനമായി പാലിക്കണം.
നിരോധിച്ച പ്രധാന ഭക്ഷണ ഉത്പന്നങ്ങൾ:
- പഞ്ചസാര ചേർത്തവ: കൃത്രിമ മധുരം ചേർത്ത ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, സ്പോർട്സ് പാനീയങ്ങൾ (ഐസോടോണിക് ഒഴികെ), മിഠായി, ചോക്കലേറ്റ് (ഡാർക്ക് ചോക്കലേറ്റ് ഒഴികെ), മാർഷ്മലോസ്, കോട്ടൺ കാൻഡി, ഐസ്ക്രീം.
- വറുത്തതും പൊരിച്ചതുമായവ: ചിക്കൻ, ഫലാഫെൽ, സമൂസ തുടങ്ങി എണ്ണയിൽ വറുത്ത ഉത്പന്നങ്ങൾ.
- അൾട്രാ പ്രോസസ്ഡ് ഫൂഡ്: സോസേജ്, ഹോട്ട് ഡോഗുകൾ പോലുള്ള സംസ്കരിച്ച മാംസങ്ങൾ.
- മറ്റുള്ളവ: ചിപ്സ്, പഫ്ഡ് കോൺ, സോയ മിൽക്, സോയ അധിഷ്ഠിത സോസുകൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ.
- അലർജിയുണ്ടാക്കുന്നവ: അണ്ടിപ്പരിപ്പ് ഉൾപ്പെടെയുള്ള അലർജിക്കു കാരണമാകുന്ന ഉത്പന്നങ്ങൾ, മദ്യം, പന്നിയിറച്ചി അടങ്ങിയ ഉത്പന്നങ്ങൾ എന്നിവ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
പോഷകാഹാര മാനദണ്ഡങ്ങൾ നിർബന്ധം:
വീട്ടിൽ നിന്ന് കൊണ്ടുവരുന്നതോ സ്കൂൾ കന്റീനുകളിൽ തയാറാക്കുന്നതോ ആയ ഭക്ഷണങ്ങൾ പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പാക്കണം. കൂടാതെ, വിദ്യാർഥികൾക്ക് സൗജന്യമായി ശുദ്ധജലം ലഭ്യമാക്കണമെന്നും ഉപവാസം ഒഴികെയുള്ള സമയങ്ങളിൽ എല്ലാവരും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
നിർബന്ധിച്ച് ഭക്ഷണം നൽകുന്നത് വിലക്കി:
നഴ്സറികളിലും കിന്റർഗാർട്ടനുകളിലും കുട്ടികളെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ഭക്ഷണം കഴിപ്പിക്കുന്നത് പൂർണ്ണമായി വിലക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം, സുരക്ഷ, വികസനം എന്നിവ സംരക്ഷിക്കുന്നതിനാണ് ഈ നിയമങ്ങൾ കർശനമാക്കിയത്.
ഇത്തരം കർശന നിയന്ത്രണങ്ങൾ കുട്ടികളിൽ ചെറുപ്പം മുതലേ ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ സഹായിക്കുമെന്നാണ് അഡെകിൻ്റെ വിലയിരുത്തൽ.









