കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനക്ഷമതയുടെ പുതിയ കാലത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. വിമാനത്താവളത്തിലെ മൂന്നാം റൺവേയുടെയും പുതിയ അത്യാധുനിക എയർ ട്രാഫിക് കൺട്രോൾ ടവറിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 30-ന് നടക്കുമെന്ന് മുതിർന്ന വ്യോമയാന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ രണ്ട് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വ്യോമയാന സുരക്ഷ വർദ്ധിപ്പിക്കുകയും വിമാനത്താവളത്തിൻ്റെ ശേഷി കൂട്ടുകയും ചെയ്യുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റ പ്ലാനിംഗ് ആൻഡ് പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ സാദ് അൽ-ഒതൈബി പറഞ്ഞു.
പ്രാദേശിക കേന്ദ്രമായി വളരാൻ
“മൂന്നാം റൺവേയും പുതിയ കൺട്രോൾ ടവറും രാജ്യത്തിൻ്റെ വ്യോമഗതാഗത സംവിധാനത്തിൽ ഒരു ഗുണപരമായ കുതിച്ചുചാട്ടം ആണ്,” അൽ-ഒതൈബി അഭിപ്രായപ്പെട്ടു. എയർ ട്രാഫിക്, ലോജിസ്റ്റിക്സ് സേവനങ്ങളുടെ പ്രാദേശിക കേന്ദ്രമായി മാറാനുള്ള കുവൈത്തിൻ്റെ ലക്ഷ്യങ്ങൾക്ക് ഈ വികസനം പിന്തുണ നൽകും.
വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, യാത്രക്കാർക്കുള്ള സേവന നിലവാരം ഉയർത്തുക, പൊതുവരുമാനം വർദ്ധിപ്പിക്കുക, അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾക്കനുസൃതമായി ദേശീയ കേഡർമാർക്ക് പരിശീലനം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു വിശാലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ വികസന പ്രവർത്തനങ്ങൾ.
ലോകത്തിലെ നീളമേറിയ റൺവേകളിലൊന്ന്
4.58 കിലോമീറ്റർ നീളമുള്ള മൂന്നാം റൺവേ, ലോകത്തിലെ ഏറ്റവും നീളമേറിയ റൺവേകളിൽ ഒന്നാണ്. ഇത് വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ് ശേഷി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും വ്യോമഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.