സൗദിയിൽ അനധികൃതമായി ടാക്സി സർവീസുകൾ നടത്തുന്നവർക്കെതിരെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന . ഒക്ടോബർ 4 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 606 പേരെയാണ് അധികൃതർ കണ്ടെത്തിയത്. ഇവരിൽ 244 പേർ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോവുകയായിരുന്നു. 362 പേർ യാത്രക്കാരെ വിളിച്ചുകയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പുതിയ ഗതാഗത നിയമപ്രകാരം, അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നവർക്ക് 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. കുറ്റം ആവർത്തിച്ചാൽ വാഹനം പൊതു ലേലത്തിൽ വിൽക്കും. വിദേശികളായ നിയമലംഘകർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.