റിയാദ്: ഹജ്ജിൻ്റെയും മക്ക, മദീന ഹറം പള്ളികളുടെയും ചരിത്രവുമായി ബന്ധപ്പെട്ട് സ്ഥിരമായ ഒരു മ്യൂസിയം നിർമിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ഹറം പള്ളികളുടെ പ്രത്യേക ഉപദേശകനും കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച് ആൻഡ് ആർക്കൈവ്സ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
സമഗ്ര വിജ്ഞാന കേന്ദ്രം സമഗ്രമായ വിജ്ഞാന റഫറൻസ് കേന്ദ്രമായി മ്യൂസിയത്തെ മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നേരത്തെ, ‘എൻസൈക്ലോപീഡിയ ഓഫ് ഹജ് ആൻഡ് ദ് ടു ഹോളി മോസ്ക്’ എന്ന പേരിൽ ഒരു വിജ്ഞാനകോശം പുറത്തിറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ചരിത്രപരമായ വിവരങ്ങൾ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിനായി അതിനെ മ്യൂസിയമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവചരിത്രവും പുതിയ മ്യൂസിയത്തിൽ പ്രത്യേകമായി ഇടംപിടിക്കും.
ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതിനായി ഒരു ആറംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. മക്ക ഗ്രാൻഡ് മോസ്ക് ഇമാം ഡോ. ഷെയ്ഖ് സാലിഹ് ബിൻ ഹുമൈദ്, മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഇസ്സ, സൗദിയിലെ ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ തുടങ്ങിയ പ്രമുഖരാണ് സമിതിയിലെ പ്രധാനികൾ.









