രക്ഷിതാക്കൾ ഒപ്പമില്ലാതെ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന 5 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിനൊപ്പം ഇനി അധിക ചാർജ് ഈടാക്കുമെന്ന് എയർ ഇന്ത്യ. ഇത് കുട്ടികളുടെ സുരക്ഷയും യാത്രാസുഖവും ഉറപ്പുവരുത്താനാണെന്ന് എയർ ഇന്ത്യ ചൂണ്ടിക്കാട്ടി. ആഭ്യന്തര ഫ്ലൈറ്റുകളിൽ ടിക്കറ്റ് നിരക്കിനു പുറമേ 5,000 രൂപ കൂടി നൽകേണ്ടി വരും. ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, സാർക് രാജ്യങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകളിൽ 8,500 രൂപയാണ് അധിക ചാർജ്. കൂടാതെ ബ്രിട്ടൻ, യൂറോപ്പ്, ഇസ്രയേൽ, ഓസ്ട്രേലിയ എന്നിവിടങ്ങൾക്ക് 10,000 രൂപയും യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് 13,000 രൂപയുമാണ് ചാർജ് ഈടാക്കുക.