യുഎഇയില്‍ ഇന്ത്യക്കാരന്‍ ഓണ്‍ലൈനായി വാങ്ങിച്ച ഐ ഫോണിന് പകരം എത്തിയത് പ്ലാസ്റ്റിക് ഡമ്മി. ഇന്ത്യക്കാരനായ സിറാജുദ്ദീനാണ് ഓണ്‍ലൈനായി ഐഫോണ്‍ 16 പ്രൊ ഓര്‍ഡര്‍ ചെയ്തത്. റമദാന്‍ പ്രമാണിച്ചുള്ള വമ്പന്‍ ഓഫറുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഓണ്‍ലൈനായി ഫോണ്‍ വാങ്ങിക്കാമെന്ന തീരുമാനിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. റീടെയില്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങിക്കുന്നതിന് പകരം ഇങ്ങനെ വാങ്ങിക്കുമ്പോള്‍ സമയം ലാഭിക്കാമെന്നും റീടെയില്‍ സ്റ്റോറുകള്‍ പറഞ്ഞ വിലയേക്കാള്‍ കുറവായിരുന്നു ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കണ്ടതെന്നും സിറാജുദ്ദീന്‍ ചൂണ്ടിക്കാട്ടി. 4199 ദിര്‍ഹം ചെലവഴിച്ചാണ് ഇയാൾ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ വീട്ടിലേക്ക് സാധനം എത്തുകയും ചെയ്തു. ഹൈദരാബാദിലുള്ള സഹോദരിക്ക് പൊരുന്നാള്‍ സമ്മാനമായാണ് ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഡെലിവറി ചെയ്ത പെട്ടി തുറന്നുനോക്കാതെ അത് ഇന്ത്യയിലേക്ക് പോകാനിരുന്ന തന്റെ സുഹൃത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. സഹോദരിയുടെ കയ്യില്‍ കിട്ടിയ ശേഷം അത് തുറന്നപ്പോഴാണ് ഐഫോണിന്റെ പ്ലാസ്റ്റിക് ഡമ്മി കണ്ടത്. വിവരമറിഞ്ഞ സിറാജുദ്ദീൻ ഉടന്‍ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട അധികൃതര്‍ക്കെതിരെ പരാതിപ്പെടുകയും ചെലവാക്കിയ പണം മുഴുവന്‍ തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാലതാമസം കൂടാതെ തന്നെ പണം തിരികെ ലഭിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതേതുടര്‍ന്ന് ആഭ്യന്തരമായ അന്വേഷണം നടന്നുവരികയാണെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ വക്താവ് ചൂണ്ടിക്കാട്ടി.