ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്. ഏതാണ്ട് 291 പേർക്ക് ഇഫ്താറൊരുക്കിയതായി പോലീസ് അധികൃതർ വ്യക്തമാക്കി. തുറമുഖ പോലീസ് സ്റ്റേഷൻ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ ഖാസിബ് അൽ നഖ്ബി, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ ബൗഹ്ജൈർ, മറ്റ് വനിതാ ഉദ്യോഗസ്ഥർ, ദുബായ് പോലീസ് ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർ സംരംഭത്തിന് മേൽനോട്ടംവഹിച്ചു. അൽ ഹംറിയ തുറമുഖത്ത് ഉൾപ്പെടെ ദുബായിയുടെ വിവിധ സമുദ്രമേഖലകൾ കേന്ദ്രീകരിച്ചാണ് പോലീസിലെ മറൈൻ പട്രോളിങ് സംഘം ഇഫ്താർ ഭക്ഷണം വിതരണം ചെയ്തത്. ഇതാദ്യമായാണ് ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലി ചെയ്യുന്നവർക്ക് ദുബായ് പോലീസ് ഇഫ്താറൊരുക്കുന്നത്. സാമൂഹികവർഷത്തിൽ സാമൂഹിക ഐക്യവും പൊതുജനസന്തോഷവും വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് സംരംഭം നടപ്പാക്കിയതെന്ന് കേണൽ അൽ നഖ്ബി വ്യക്തമാക്കി. ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, തുറമുഖ കാര്യങ്ങളുടെ അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അതിഖ് ബിൻ ലഹേജ്, തുറമുഖ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ എന്നിവരും പങ്കെടുത്തു.അൽ ഹംരിയ തുറമുഖ വിഭാഗം പ്രതിനിധീകരിക്കുന്ന തുറമുഖ പോലീസ് സ്റ്റേഷൻ, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനെസ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ലോജിസ്റ്റിക്സ് സപ്പോർട്ട്, ദുബായ് കസ്റ്റംസ് എന്നിവരുമായി സഹകരിച്ചാണ് സംരംഭം നടപ്പാക്കിയത്.