ദുബൈയിലെ ടാക്സികൾ വേഗതയ്ക്കും വിശ്വാസ്യതയ്ക്കും മാത്രമല്ല, യാത്രക്കാർ മറന്നുവെക്കുന്ന സാധനങ്ങൾ സുരക്ഷിതമായി തിരിച്ചേൽപ്പിക്കുന്നതിലും ലോകത്തിന് മാതൃകയാകുന്നു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025ൽ മാത്രം ദുബൈ ടാക്സികളിൽ യാത്രക്കാർ മറന്നുവെച്ചത് 1,04,162 സാധനങ്ങളാണ്. ഫോണും പാസ്പോര്‍ട്ടും ലാപ്ടോപ്പുമടക്കമാണ് യാത്രക്കാര്‍ മറന്നുവെച്ചത്. വിവിധ കറൻസികളിലായി ഏകദേശം 20 ലക്ഷത്തിലധികം ദിർഹവും മറന്നുവെച്ചവയിൽ പെടുന്നു. സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 35,000 ഇലക്ട്രോണിക് ഉപകരണങ്ങൾ, പാസ്‌പോർട്ടുകൾ, ഐഡന്‍റിറ്റി കാർഡുകൾ എന്നിവയുൾപ്പെടെ 3,000ത്തോളം ഔദ്യോഗിക രേഖകൾ, കൂടാതെ സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. ആർടിഎയുടെ കാര്യക്ഷമമായ ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ സംവിധാനം വഴി ഭൂരിഭാഗം സാധനങ്ങളും ഉടമസ്ഥർക്ക് വേഗത്തിൽ തിരികെ നൽകാൻ സാധിക്കുന്നുണ്ട്. പലപ്പോഴും പരാതി നൽകി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സാധനങ്ങൾ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്ന് ആർടിഎ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മീര അൽ ശൈഖ് വ്യക്തമാക്കി.









