റിയാദ്: വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് അറസ്റ്റിലാവുകയും ജയിലിൽ വച്ചു സ്‌ട്രോക്ക് വരുകയും ചെയ്ത ആന്ധ്ര സ്വദേശിക്ക് തിരികെ നാട്ടിലെത്തിക്കാൻ കൈത്താങ്ങായി മലയാളി നഴ്‌സും ഇന്ത്യൻ എംബസിയും. കഴിഞ്ഞ വർഷം അറസ്റ്റിലായ ആന്ധ്ര സ്വദേശി ജാക്കീർ ഭാഷ (43) ജയിൽ വച്ചു സ്‌ട്രോക്ക് ബാധിച്ചതിനെ തുടർന്ന് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ഏകദേശം ഒരു വർഷത്തോളം ഇദ്ദേഹം ചികിത്സയിലായിരുന്നു. ഈ സമംയത്ത് അദ്ദേഹത്തിന് കൈത്താങ്ങായി ആശുപത്രിയിലെ നഴ്‌സുമാർ. ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുടെ സഹായം തേടി. എംബസിയുടെ അഭ്യർഥന പ്രകാരം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജയിൽ കസ്റ്റഡിയിൽ കഴിയുന്ന വ്യക്തിക്ക് ചികിത്സ നൽകുന്ന സാഹചര്യത്തിനാൽ നിയമ നടപടികൾ പൂർത്തിയാക്കേണ്ടിവന്നു. എംബസിയിലെ ജയിൽ വിഭാഗം ഉദ്യോഗസ്ഥരായ സവാദ് യൂസഫ് കാക്കഞ്ചേരി, ഷറഫുദ്ദീൻ എന്നിവർ ഇടപെട്ടു. മെഡിക്കൽ റിപ്പോർട്ട് പ്രകാരം, രോഗിക്ക് സ്‌ട്രെക്ചർ സൗകര്യവും ഒരു നഴ്‌സിന്റെ സഹായവും ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ എന്ന് വ്യക്തമായതോടെ, ഈ സാഹചര്യത്തിൽ, കേളിയുടെ അഭ്യർത്ഥന സ്വീകരിച്ച്, റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊല്ലം കൊളത്തൂപ്പുഴ സ്വദേശിനി മോനിഷ സദാശിവം രോഗിയുടെ കൂടെ പോകാൻ തയ്യാറായി. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ജാക്കീർ ഭാഷ സുരക്ഷിതനായി നാട്ടിലെത്തി. യാത്രയ്ക്കാവശ്യമായ ടിക്കറ്റും മറ്റു ചിലവുകളും ഇന്ത്യൻ എംബസി വഹിച്ചു.









