റിയാദ്: ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾക്ക് സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഗ്ലോബൽ പാസ്‌പോർട്ട് സേവാ പതിപ്പ് 2.0 എന്ന പുതിയ സംവിധാനം റിയാദ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒക്ടോബർ 24 മുതൽ സൗദി അറേബ്യയിലെ എല്ലാ അപേക്ഷകർക്കും ബാധകമാക്കി. പുതിയ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഒൺലൈനായി https://mportal.passportindia.gov.in/gpsp എന്ന വെബ് സൈറ്റ് സന്ദർശിച്ച് ആവശ്യമുള്ള വിവരങ്ങൾ നൽകണം. ഇന്റർനാഷനൽ സിവിൽ എവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡമനുസരിച്ചുള്ള ഫോട്ടോഗ്രാഫ്, ഫോട്ടോഗ്രാഫിന്റെ കളർ സോഫ്റ്റ് കോപ്പി എന്നിവയാണ് നൽകേണ്ടത്. മുഖത്തിന്റെ 80-85% വ്യക്തമാകുന്ന രീതിയിലായിരിക്കണം ഫോട്ടോ, കൂടാതെ ഫോട്ടോയുടെ പശ്ചാത്തലം വെളുത്ത നിറമായിരിക്കണം.









