വിദേശത്തുള്ള ഗോൾഡൻ വിസ ഉടമകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരന്തസമയത്തും പ്രതിസന്ധിഘട്ടങ്ങളിലും ഇവരെ അത്യാഹിത ഒഴിപ്പിക്കൽ പദ്ധതികളിൽ ഉൾപ്പെടുത്താനും സംവിധാനം ഒരുക്കും. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളോടൊപ്പം ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കാൻ പ്രവാസികൾക്കായി മന്ത്രാലയം പ്രത്യേക ഹോട്ട്‌ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. ഗോൾഡൻ വിസ ഉടമകൾ വിദേശത്ത് വെച്ച് മരണപ്പെട്ടാൽ, അവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്കരിക്കുന്നതിനും വേണ്ട സഹായവും ഈ സേവനത്തിൽ ഉൾപ്പെടുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് പിന്തുണ നൽകുന്നതിനൊപ്പം, ലളിതമായ കോൺസുലാർ നടപടികളിലൂടെ ഈ പ്രവാസികളുടെ കുടുംബങ്ങൾക്ക് എല്ലാ ഇടപാടുകളും വേഗത്തിൽ പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.