സൗദി തലസ്ഥാനമായ റിയാദിന് പടിഞ്ഞാറുള്ള 33.24 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ഇടപാടുകൾ നടത്തുന്നതിനുള്ള വിലക്ക് നീക്കി. റോയൽ കമ്മീഷനാണ് വിലക്ക് നീക്കിയതായി അറിയിച്ചത്. ഇതോടെ പ്രദേശത്തെ ഭൂവുടമകൾക്കും സ്വത്ത് ഉടമകൾക്കും അവ വാങ്ങാനും വിൽക്കാനും കെട്ടിട പെർമിറ്റുകൾ നേടാനും ഇതര ഇടപാടുകൾ നടത്താനുമൊക്കെ അവകാശം ലഭിക്കും. വാദി ഹനീഫ പ്രദേശത്തിനും അതിന്റെ പോഷകനദികൾക്കുമുള്ള നഗര കോഡ് അനുസരിച്ചാണ് ഇടപാടുകൾ സാധ്യമാകുക. റിയൽ എസ്റ്റേറ്റ് മേഖല സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും സുസ്ഥിരവികസനത്തിൽ അതിന്റെ പങ്ക് വർധിപ്പിക്കുന്നതിനുമാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കിരീടാവകാശി, പ്രധാനമന്ത്രി, റിയാദ് സിറ്റിക്കായുള്ള റോയൽ കമ്മീഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എന്നിവരുടെ നിർദേശപ്രകാരമാണ് നടപടികളെന്നും വ്യാഴാഴ്ച പുറപ്പെടുവിച്ച് പ്രസ്താവനയിൽ വിശദീകരിച്ചു. റിയാദിൽ വരാനിരിക്കുന്ന വികസന നടപടികളുടെ ഭാഗമാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.