സൗദി അറേബ്യയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കി രാജ്യത്തെ തൊഴിൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഏകീകൃത തൊഴിൽ കരാർ നിലവിൽ വന്നു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം സൗദി തൊഴിൽ നിയമങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്താനും, നിയമപരമായ അവകാശങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ കരാർ അവതരിപ്പിച്ചത്. നീതിന്യായ മന്ത്രാലയവും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് ഈ സുപ്രധാന പദ്ധതിക്ക് തുടക്കം കുറിച്ചത്. റിയാദിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദ്, മാനവ വിഭവശേഷി, സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈൻ എന്നിവർ പങ്കെടുത്തു. നിയമപരമായി നടപ്പാക്കാവുന്ന എക്സിക്യൂട്ടീവ് രേഖയായി അംഗീകരിക്കപ്പെടുന്നു എന്നതാണ് ഏകീകൃത തൊഴിൽ കരാറിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഇതിലൂടെ തൊഴിലാളികൾക്ക് കരാറനുസരിച്ചുള്ള തങ്ങളുടെ വേതനം നിഷേധിക്കപ്പെട്ടാൽ അധിക രേഖകളോ ദീർഘമായ കോടതി വ്യവഹാരമോ ഇല്ലാതെ വേതനം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കോടതിയെ നേരിട്ട് സമീപിക്കാൻ കഴിയും.