ഖത്തറിലെ പ്രധാന നഗരങ്ങളിലൊന്നായ ലുസൈൽ സിറ്റിയിൽ വാഹന യാത്രക്കാർക്കായി പുതിയ റൂട്ട് തുറന്നു. ലുസൈൽ എക്സ്പ്രസ് വേയിലും അൽ ജസ്ര സ്ട്രീറ്റ് ഇന്റർസെക്ഷനിലും ആണ് പുതിയ റൂട്ട് തുറന്നത്. ലുസൈൽ എക്സ്പ്രസ് വേയിൽ നിന്ന് അൽ ഖോറിലേക്ക് റോഡ് മാർഗം വരുന്ന യാത്രക്കാർക്ക് ഇനി പുതിയ റൂട്ടിലൂടെ യു-ടേൺ എടുക്കാനാകും. ഒക്ടോബർ 6 നാണ് പുതിയ റൂട്ട് യാത്രക്കാർക്കായി തുറന്ന് നൽകിയത്. യാത്ര വേഗത്തിലാക്കുന്നതിനും ഗതാഗത കുരുക്കുകൾ കുറയ്ക്കുന്നതിനും ലുസൈൽ സിറ്റിക്കുള്ളിലെ റോഡ് ഉപയോഗം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ പരിഷ്ക്കരണം. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും നൽകുന്നതോടൊപ്പം ഈ റൂട്ട് മേഖലയിലെ റോഡുകളെ തമ്മിൽ സുഗമമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.