അബുദാബി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണഘട്ടം ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. അടുത്ത മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരിക്കും പൈലറ്റ് പദ്ധതിക്ക് തുടക്കമാവുക.
യു.എ.ഇ., സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ജിസിസി രാജ്യങ്ങളിലും ഒറ്റ വിസയിൽ വിദേശികൾക്ക് സഞ്ചരിക്കാൻ അനുമതി നൽകുന്നതാണ് പുതിയ പദ്ധതി. ഗൾഫ് മേഖലയെ ഒറ്റ ടൂറിസം കേന്ദ്രമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൈലറ്റ് പദ്ധതിക്കുശേഷമായിരിക്കും വിസ പൂർണമായും നടപ്പാക്കുക. നിലവിൽ വിസാ വിതരണ തീയതി, ചെലവ്, കാലാവധി എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പ്രധാന ഗുണഭോക്താക്കൾ യുഎഇയും സൗദിയും
പുതിയ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ യുഎഇയും സൗദി അറേബ്യയും ആയിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം യുഎഇയിലെത്തിയ 33 ലക്ഷം ജിസിസി സന്ദർശകരിൽ 19 ലക്ഷം ആളുകളും സൗദിയിൽനിന്നുള്ളവരായിരുന്നു. ഒമാൻ (7.77 ലക്ഷം), കുവൈത്ത് (3.81 ലക്ഷം), ബഹ്‌റൈൻ (1.23 ലക്ഷം), ഖത്തർ (93,000) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ. ടൂറിസം മേഖലയുടെ വളർച്ചയുടെ സൂചനയായി യുഎഇയിൽ ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ വാണിജ്യ ലൈസൻസുകളുടെ എണ്ണം ഈ മാസം പകുതിയോടെ 39,546 ആയി ഉയർന്നതായും മന്ത്രി പറഞ്ഞു.
കാലാവധി മൂന്ന് മാസം; ഷെങ്കൻ വിസ മാതൃകയിൽ
വിസയ്ക്ക് മൂന്നു മാസമായിരിക്കും കാലാവധിയെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദയ്‌വി നേരത്തെ അറിയിച്ചിരുന്നു. ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങളെല്ലാം ഒരുമിച്ച് പുതിയ വിസ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്.
യൂറോപ്പിലെ ഷെങ്കൻ വിസ മാതൃകയിൽ ഏകീകൃത വിസ വരുന്നതോടെ ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഒഴിവാകും. ഇത് ഗൾഫിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര, സാമ്പത്തിക മേഖലകൾക്ക് കരുത്തേകും. പുതിയ വിസാ സമ്പ്രദായം വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കും.
പുതിയ ടൂറിസം പാക്കേജുകൾ തയ്യാറാക്കുന്ന നടപടികൾ ട്രാവൽ, ടൂറിസം കമ്പനികളും ഊർജിതമാക്കിയിട്ടുണ്ട്. 2023 നവംബറിൽ അംഗീകാരം ലഭിച്ച ഏകീകൃതവിസാ സംരംഭം പ്രാബല്യത്തിലാകുന്നതോടെ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.









