ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ഉദ്യാനമായ ദുബായ് മിറാക്കിൾ ഗാർഡൻ 14-ാം സീസണിലേക്ക് പ്രവേശിച്ചു. യുഎഇയിലെ താമസക്കാർക്കായി ടിക്കറ്റ് നിരക്കിൽ വലിയ ഇളവുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
അൽ ബർഷ സൗത്ത് 3ൽ സ്ഥിതി ചെയ്യുന്ന മിറാക്കിൾ ഗാർഡൻ, ഓരോ സീസണിലും 150 ദശലക്ഷത്തിലധികം പൂക്കളും 50 ഫ്ലോറൽ ഡിസ്‌പ്ലേകളും പ്രദർശിപ്പിക്കുന്നു. മനോഹരമായ പൂക്കളുടെ ശിൽപ്പങ്ങളും രൂപകൽപ്പനകളും എല്ലാ വർഷവും സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.
കഴിഞ്ഞ സീസണെ അപേക്ഷിച്ച് കുട്ടികളുടെ ടിക്കറ്റ് നിരക്കിലും ഇത്തവണ കുറവ് വരുത്തിയിട്ടുണ്ട്. ഈ സീസണിൽ കൂടുതൽ ആളുകൾ, പ്രത്യേകിച്ച് കുടുംബങ്ങൾ, ഗാർഡനിൽ വന്ന് ആഘോഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചതെന്ന് മിറാക്കിൾ ഗാർഡൻ ഗ്രൂപ്പ് സിഇഒ മുഹമ്മദ് സഹ്ർ ഹമ്മാദിഹ് വ്യക്തമാക്കി.
പ്രധാന അറിയിപ്പുകൾ:
- എമിറേറ്റ്‌സ് ഐഡി ഇളവ്: എമിറേറ്റ്‌സ് ഐഡി ഉള്ളവർക്ക് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് ലഭിക്കും.
- സാധാരണ പ്രവേശന നിരക്ക്: 105 ദിർഹം.
- എമിറേറ്റ്‌സ് ഐഡി ഉടമകൾക്ക്: 73.5 ദിർഹം.
- കുട്ടികൾക്ക്: 3 മുതൽ 13 വയസ്സു വരെയുള്ള കുട്ടികൾക്ക് 80 ദിർഹം ആണ് ടിക്കറ്റ് നിരക്ക്. എമിറേറ്റ്സ് ഐഡി ഉപയോഗിച്ചാൽ ഇത് 52.5 ദിർഹം ആകും.
- സൗജന്യ പ്രവേശനം: മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യക്കാർക്കും (People of Determination) പ്രവേശനം സൗജന്യമാണ്.
- ജന്മദിന സമ്മാനം: ജന്മദിനത്തിൽ ഗാർഡൻ സന്ദർശിക്കുന്നവർക്ക് പാസ്‌പോർട്ടോ ഐഡിയോ കാണിച്ചാൽ സൗജന്യ പ്രവേശനം ലഭിക്കും.
- സൗജന്യ ഫോട്ടോ: എല്ലാ സന്ദർശകർക്കും ഒരു പ്രഫഷണൽ ഫോട്ടോ സൗജന്യമായി പ്രിന്റ് ചെയ്ത് നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രവർത്തന സമയം
- പ്രവൃത്തി ദിവസങ്ങളിൽ: രാവിലെ 9 മുതൽ രാത്രി 11 വരെ.
- വാരാന്ത്യങ്ങളിൽ: രാവിലെ 9 മുതൽ അർധരാത്രി 12 വരെ.









