റിയാദ്: സൗദിയിൽ ജയിൽമോചനം കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ കേസിൽ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. അപ്പീൽക്കോടതിയുടെ വിധിക്കെതിരേ പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് തള്ളിയത്. 2025 മേയ് 26-ന് ഇരുപതുവർഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനൽക്കോടതിയുടെ വിധി ജൂലായ് ഒൻപതിന് അപ്പീൽക്കോടതി ശരിവെച്ചിരുന്നു. അന്തിമവിധിപ്രഖ്യാപനത്തിനായി ഇത് സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. ഇതാണ് ഇപ്പോൾ ശരിവെച്ചത്. എന്നാൽ, ഈ ശിക്ഷാകാലാവധി അടുത്തവർഷം അവസാനിക്കും. സൗദിബാലൻ മരിച്ചകേസിൽ 2006-ലാണ് അബ്ദുറഹീം അറസ്റ്റിലാകുന്നത്. പ്രോസിക്യൂഷന്റെ അപ്പീലിനെതിരേ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അപ്പീൽക്കോടതിയിലും സുപ്രീംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ. റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരുമുണ്ടായിരുന്നു. വിധി ഏറെ സന്തോഷം നൽകുന്നതാണെന്ന് റിയാദിലെ അബ്ദുൽറഹീം നിയമസഹായസമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ഖജാൻജി സെബിൻ, യുസഫ് കാക്കഞ്ചേരി എന്നിവർ പറഞ്ഞു.









