ഷാർജ: കേരളത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തെത്തിയതോടെ പ്രവാസി വോട്ടവകാശം വീണ്ടും സജീവ ചർച്ചയാകുന്നു. തങ്ങളുടെ നാട്ടിലെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ ഇത്തവണയെങ്കിലും അവസരം നൽകണമെന്നാണ് പ്രവാസി മലയാളികളുടെ ആവശ്യം. പൗരൻ എന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങൾക്കുള്ള എല്ലാ അവകാശങ്ങൾക്കും പ്രവാസി ഇന്ത്യക്കാരും അർഹരാണെന്നും, അതിനാൽ വോട്ടവകാശം അനുവദിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് എല്ലാ പ്രവാസികൾക്കും വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രവാസികൾ നിയമപോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല. സുപ്രീം കോടതിയുടെ അനുകൂല നിലപാടും ഈ വിഷയത്തിൽ കാര്യമായ പുരോഗതിക്ക് വഴിവച്ചില്ല.
നിലവിൽ വോട്ടർപട്ടികയിൽ പ്രവാസികളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് ദിവസം നാട്ടിലുള്ളവർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ. ഭീമമായ വിമാനയാത്രാനിരക്ക് നൽകി നാട്ടിലെത്തി വോട്ട് ചെയ്യാനുള്ള പ്രയാസം പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരമായി, വിദേശത്തുനിന്ന് പ്രോക്സി വോട്ടോ (നാട്ടിലുള്ള പ്രതിനിധി മുഖേന) തപാൽ വോട്ടോ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. അല്ലെങ്കിൽ അതത് രാജ്യങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകൾ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പ്രവാസികൾക്കുള്ള വോട്ടവകാശത്തിനായി നോർക്കയുടെ ഭാഗത്തുനിന്ന് കൂടുതൽ ഇടപെടൽ വേണമെന്ന് ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ പറഞ്ഞു. സാധാരണക്കാർക്ക് ഏറ്റവും സ്വാധീനമുള്ള തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെങ്കിലും വോട്ട് ചെയ്യാൻ അവസരം നൽകണം. വിവരസാങ്കേതികവിദ്യ ഇത്രയേറെ പുരോഗതി നേടിയിട്ടും ഓൺലൈൻ വോട്ടിങ്ങോ പ്രോക്സി വോട്ടിങ്ങോ അനുവദിക്കാത്തത് പ്രവാസികളോടുള്ള അവഗണനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.









