കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്ക്ക് അടുത്തായി കുറഞ്ഞത്. ആഴ്ചയിൽ 3 ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ–ദമാം സർവീസ്. ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് സർവീസ്. കണ്ണൂരിൽനിന്ന് ഇൻഡിഗോ കൂടി ദമാമിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്. ജൂൺ 16 മുതലാണ് ഇൻഡിഗോയുടെ ദമാം സർവീസ് ആരംഭിക്കുക. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇൻഡിഗോയുടെ ദമാം സർവീസ് ഉണ്ടാകുക. ഇതോടെ ആഴ്ചയിൽ 7 ദിവസവും കണ്ണൂരിനും ദമാമിനും ഇടയിൽ സർവീസ് ഉണ്ടാകുന്നതാണ്.