ലോകത്തെ 19 രാജ്യങ്ങളിലെ 28,567 അനാഥർക്കായി ഷാർജ ചാരിറ്റി കഴിഞ്ഞവർഷം 6.8 കോടി ദിർഹം ചെലവഴിച്ചു.
നിർധനരായ കുട്ടികൾക്ക് സുസ്ഥിരവും സുരക്ഷിതവുമായ ജീവിതസാഹചര്യമൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. അറബ് അനാഥദിനത്തോടനുബന്ധിച്ചാണ് കണക്കുകൾ പുറത്തുവിട്ടത്. എല്ലാവർഷവും ഏപ്രിലിലെ ആദ്യ വെള്ളിയാഴ്ചയാണ് അറബ് അനാഥദിനമായി ആചരിക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ അനാഥർക്ക് സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ സഹായങ്ങൾ നൽകണമെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി. അനാഥരെ സഹായിക്കാനായി ഒട്ടേറെ മാനുഷികസംരംഭങ്ങൾ നടപ്പാക്കുന്നുണ്ട്. അവർക്ക് മാനസിക, സാമൂഹിക പിന്തുണയുറപ്പാക്കാൻ ശ്രമിക്കണം. വിനോദ, ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കണമെന്നും ശൈഖ് സഖർ ചൂണ്ടിക്കാട്ടി.