ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി. രാജ്യത്ത് ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദർശക വിസയാണ് അനുവദിക്കുക. നിക്ഷേപകർ, സംരംഭകർ, വിദഗ്ധ പ്രൊഫഷണലുകൾ, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവർ എന്നിവർക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐസിപി കൂട്ടിച്ചേർത്തു. സിംഗിൾ, മൾട്ടി എൻട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാൽ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തിൽ കൂടുതലാകാൻ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം. ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ.